നിള ! വിലാപങ്ങള്‍ക്ക് ശബ്ദം നഷ്ട്ടപ്പെട്ടവള്‍ !!
ദൂര മൂത്ത മര്‍ത്യകരങ്ങളാല്‍ പ്രകൃതിയുടെ കണ്ണു നീരാവുന്നവള്‍
നമ്മുടെ പ്രിയപ്പെട്ട നിള !!!
ഇവിടെ,
ഈ വെള്ളിമണല്പരപ്പില് ,നിലാവില്,
ഞാന് തിരയുന്നത് നിന്നെയാണ് ....
എന്റെ സ്മൃതി പഥങ്ങളിലൂടെ
ജലസമൃദ്ധയായ് ഒഴുകിയിരുന്ന നിന്നെ,
ഇവിടെ നീയില്ലല്ലോ.....നീളേ..!
നിന്റെ കണ്ണുനീരുറവകള് പോലെ വെറും
നീര്ച്ചാലുകള് മാത്രം..!
ഗതകാല പ്രൌഡിയില്
നീ,തീരവാസികള്ക്ക്, അന്നവും അമൃതവുമായിരുന്നു
ആത്മാക്കളുടെ നശ്വരഗേഹങ്ങളുടെ,
അവസാന ശേഷിപ്പുകള് ഏറ്റുവാങ്ങിയ നീ
മോക്ഷദായിനിയുമായിരുന്നു.....
ബലിതര്പ്പണങ്ങളുടെ മന്ത്രമര്മ്മരങ്ങള്
ഇന്നും മുഴങ്ങുന്ന നിന്റെ മൃതതീരങ്ങളില്
ഉപഭോഗ തൃഷ്ണയുടെ ക്രൂര ദ്രംഷ്ടകള്
ആഴ്ന്നിറങ്ങുന്നുവോ.....
നാളെ ,ആത്മാക്കളുടെ ഗേഹാവശിഷ്ടങ്ങള്
അലിഞ്ഞുചേര്ന്ന ഈ മണല് പരപ്പും
നിനക്ക് അന്യമായേക്കാം .....
നീളെ കാത്തുകിടക്കുന്നത്
മണ്ണിന്റെ പുതിയ രാജാക്കന്മാര്...
സ്വാര്ത്ഥ മത്സരങ്ങളുടെ പുത്തന്
മാമാങ്കപ്രഹരങ്ങളില്,
അവര് നിന്നെ കിളച്ചു മറിക്കുന്നു
നിന്റെ അവസാന തുള്ളിയും ഊറ്റിയെടുത്ത്
നിനക്ക് ചരമ ഗീതമെഴുതാന് ഒരുങ്ങുന്നു......
ആരും വരില്ല നിന്നെ രക്ഷിക്കാന്,
ഇത് കലിയുഗമല്ലേ, പ്രാര്ഥിക്കുക!
മോക്ഷങ്ങളുടെ കാലരഹിത ഭൂമികയില്
വിലയിച്ചു ചേരാനെത്തുന്ന
ആത്മാക്കളുടെയും, അവയുടെ
നശ്വരഗേഹ ശേഷിപ്പുകളുടെയും
ആവാഹനങ്ങളിലൂടെ ......
മന്ത്രമര്മ്മരങ്ങളിലൂടെ.....
ഇനിയും വറ്റാത്ത ,
നിന്റെയീ കണ്ണു നീരുറവകളിലൂടെയും
പ്രാര്ഥിക്കുക .....
നീ സര്‍വ്വം സഹയല്ലേ....
ഇവിടെ,
ഈ വെള്ളിമണല്പരപ്പില് ,നിലാവില്,
ഞാന് തിരയുന്നത് നിന്നെയാണ് ....
എന്റെ സ്മൃതി പഥങ്ങളിലൂടെ
ജലസമൃദ്ധയായ് ഒഴുകിയിരുന്ന നിന്നെ .....
ഇവിടെ നീയില്ലല്ലോ.....നിളേ...!
നിന്റെ കണ്ണുനീരുറവകള് പോലെ വെറും
നീര്ച്ചാലുകള് മാത്രം......!