Followers

Thursday, January 19, 2012

നഗരപുത്രി

എന്നോ ഏതോ നഗര സന്ധ്യയില്‍ ....എന്റെ കണ്ണില്‍ പതിഞ്ഞ ഒരു ചിത്രം
ഇന്ന് വീണ്ടും എന്റെ അക്ഷരങ്ങളിലൂടെ ......


രാവിന്റെ കവിളിലെ ഛായമായ് നീ
തെരുവിന്റെ ഓരത്തു വന്നു നില്‍പ്പൂ
നഗരതിരക്കില്‍ തന്നിരയെ തിരഞ്ഞു
കൊണ്ടിരുളിന്റെ മറവില്‍ ഒതുങ്ങി നില്‍പ്പൂ

കടംകൊണ്ട കാമം നിറച്ചു കണ്ണില്‍
എരിയുന്ന ദുഖം മറച്ചു ഹൃത്തില്‍..
പുഞ്ചിരി പൂക്കള്‍തന്‍ വശ്ശ്യത ചാലിച്ചു
ചൊടികള്‍ ചൊടിച്ചു രാഗാര്‍ദ്രമാക്കി

നിഴലുകള്‍ ഇഴയുന്ന നഗരതീരത്തിലെ
പഥികര്‍ക്ക് നീളെ നിന്‍ മിഴിയുണര്‍ന്നൂ
വശ്ശ്യമാം പുഞ്ചിരി പൂക്കള്‍ അടര്‍ത്തി നീ
യാത്രികര്‍ക്കിടയിലായ് വിതറിയിട്ടു...

അന്തിയിലിത്തിരി  ലഹരി മോന്തി
ചന്തതിരക്കില്‍ കുഴഞ്ഞ് നില്ക്കും
അജ്നാത കാമുകനാമൊരുത്തന്‍,
അനുഭൂതിയെകും നിന്‍ പൂവെടുത്തൂ..

കരിമഷിയാകേ പടര്‍ന്ന നിന്‍ കണ്ണുകള്‍
തന്നിരയുടെ മിഴിയില്‍ കോരുത്തീറുക്കി
ചൂണ്ടുകളൊട്ടു കടിച്ചൊന്നു വശ്ശ്യമായ്
മുടിയിഴ കോതി കുണുങ്ങി നിന്നു.

പാരവശ്ശ്യത്തോടെ പഥികനാ കാമുകന്‍
നിന്‍ ചാരത്തണഞ്ഞു പതുങ്ങി നിന്നു
ഹൃദയത്തിലെരിയുന്ന ദുഖങ്ങളപ്പോഴും
ആ ചൊടിയില്‍ പൂക്കളായ് പുഞ്ചിരിച്ചു

ഇരുളിന്റെ മറവില്‍ നിന്നേതോ കണക്കുകള്‍
മൃദുവായി ചൊല്ലിയുറപ്പിച്ചു നീ -പിന്നെ-
അഴലിന്റെ തീരത്തില്‍ നിഴലിന്റെയാഴത്തില്‍
പഥികനും നീയും അലിഞ്ഞു ചേര്‍ന്നൂ...

കാഴ്ച്ചകള്‍ കണ്ടുകൊണ്ടാകാശ ചരിവിലെ
പൊന്നോളി തുണ്ടൊന്നു കണ്ണടക്കേ....
മന്ദഹസിച്ചുകൊണ്ടൊരു കുളിര്‍ കാറ്റപ്പോള്‍
എന്നെ തഴുകി കടന്നു പോയീ....