Followers

Saturday, September 12, 2020

നിയോഗം

തിരക്കുകള്‍ക്കിടയിലും

മറന്നുപോവതിരിക്കാന്‍

കടപ്പെട്ടുപോയ  ഒരു ഹൃദയം

ഞാനിവിടെ വയ്ക്കാം......

മുറിഞ്ഞുപോയ വാക്കുകളിലും

നീണ്ട മൌനങ്ങളിലും പിടഞ്ഞിരുന്നത്

നിന്നോടുള്ള പ്രണയം മാത്രമായിരുന്നു .

മനസ്സ് നിരോഞ്ഞൊഴുകുന്ന സ്നേഹം

അത് പ്രശാന്തമായി ,ഒരു നിയോഗം പോലെ

നിന്നിലേക്ക് തിരിച്ചൊഴുകുന്നുണ്ട് .

വാടികൊഴിയാറായ ഇത്തിരി ചുവന്ന

പൂക്കളുമായി ഞാന്‍ കാത്തിരിക്കാം

മറവികള്‍ വന്നു നിറയുന്ന വിഹ്വല

നിമിഷങ്ങള്‍ വരെ .

ഉന്‍മാദത്തിന്റെ മൂര്‍ച്ചകളില്‍

ഏകാകികളുടെ വഴിയാത്രകള്‍

അവസാനിക്കുന്നത്

വാക്കുകളിഒതുങ്ങാത്ത

പ്രണയതീവ്രതകളിലാണ് .

 

Monday, January 26, 2015

കലികാലം


പഴമക്കാര്‍ പറയും കലികാലം എന്ന് ...ചുറ്റുപാടുകളിലെക്ക്
സൂക്ഷ്മമായ് വീക്ഷിക്കുമ്പോള്‍ ഇങ്ങിനെയൊക്കെ തോന്നുന്നു


പോയകാലത്തിലെ നല്ല ശീലങ്ങളെ
പൊട്ടിച്ചെറിഞ്ഞിന്നു പുതുമകള്‍ തേടവേ
പതിതരായ്മാറുന്നു മാനവ ജന്മ്മവും
പതിരായ് തീരുന്നു ജന്മലക്ഷ്യങ്ങളും

മാല്‍സ്സര്യചിന്തകള്‍ക്കുള്ളിലായ്ഇന്ന് നാം
അന്യന്‍റെ ജീവിതം നോക്കി നീങ്ങീടവേ
അസ്വസ്ഥഭരിതമായ് മാറുന്നു മാനസം
ആനന്ദശൂന്യമായ് തീരുന്നു ജന്മവും

അന്നശാസ്ത്രങ്ങളെ എന്നോ മറന്നു നാം
ആചാര്യശീലുകള്‍ തള്ളി കളഞ്ഞു നാം
ആഹാരരീതികള്‍ പുത്തനാക്കീടവേ
ആതുരശാലകള്‍ പെരുകുന്നു ചുറ്റിലും

കപടമാര്‍ഗ്ഗങ്ങളാല്‍ അര്‍ത്ഥം പെരുക്കുന്നു
ആദരം നേടുവാന്‍ അണികളെ കൂട്ടുവോര്‍
ധാനധര്‍മ്മങ്ങള്‍ തന്‍ മര്‍മ്മം മറന്നവര്‍
പേരും പ്രശസ്തിയും പുല്‍കുവാന്‍ വെമ്പുന്നു

നാടുഭരിക്കുവാന്‍ കൊള്ളസംഘങ്ങളെ
സിംഹാസനത്തിലെക്കാനയിക്കുന്നു നാം
നാടവര്‍ കട്ട് മുടിച്ചു മുന്നേറവേ…
കൂടെ മുന്നേറുവാന്‍ മല്‍സരിക്കുന്നു നാം

പെണ്ണുടല്‍കൊത്തി വലിച്ചു രമിക്കുന്നു
കാമപിശാചങ്ങള്‍ നഗര മദ്ധ്യങ്ങളില്‍
നാരിയെപൂജിക്കാന്‍ ചൊല്ലിയ നാട്ടിലോ
നീറുന്ന വാണിഭകഥകള്‍ പെരുകുന്നു

പൊയ്മുഖം പേറി  നടക്കുന്നിതെത്രയോ
അവരെ ഗമിക്കുവാന്‍ ആയിരം പിന്നെയും
മറയുന്നു ധാര്‍മ്മിക മൂല്യങ്ങള്‍ ഒക്കെയും
മരുഭൂവായ് മാറുന്നു മനുജന്റെ ഹൃത്തടം

സത്യം വെടിഞ്ഞിന്നു നന്മ വെടിഞ്ഞിന്നു
നേരിന്റെ രീതികള്‍ ഒക്കെ വെടിഞ്ഞിന്നു
നവലോകവീഥികള്‍ വെട്ടി പിടിക്കവേ
നഷ്ട്ടമാകുന്നതീ അഭിമാന സംസ്കൃതി ….

Thursday, November 7, 2013

വിധുരമീയാത്ര


വയലില്ല മനംകവരും ഹരിത ഭംഗിയില്ല
വയലോര വീഥിയില്‍ നിരയായ് നില്‍ക്കുന്ന
കേരവൃക്ഷങ്ങള്‍ തന്‍ പെരുമയില്ല .
പുഴയില്ല തഴുകിയെത്തും കുളിര്‍ കാറ്റുമില്ല
മകരമഞ്ഞില്‍ നനഞെന്‍കണ്ണില്‍ നിറയുന്ന   
ചെംബരത്തി പൂവിന്‍ ചന്തമില്ല
മുക്കുറ്റിയില്ല തുംബയില്ല മുറ്റത്തെ
തുളസിതന്‍ പുണ്യമില്ലാ
തൊടിയിലെ പൂക്കളെ മുത്തമിടാന്‍ എത്തും
ശലഭവര്‍ണങ്ങള്‍ തന്‍ നൃത്തമില്ലാ
പഞ്ചാരിമേളവും ഗജവീരരും നിറയുന്നോരു
ഉല്‍സവചന്തമില്ല
ചെണ്ടമേളത്തിന്റെ ആരോഹണത്തില്‍ തുള്ളിയുറയുന്ന
കോമര കാഴ്ചയില്ല
അമ്മതന്‍ മമതയും താതന്റെ കരുതലും
കൂടെപ്പിറപ്പിന്റെ തണലുമില്ല
ഒറ്റയാനെന്നും പ്രവാസി ഈ നഗരത്തില്‍
നഷ്ടസ്വപ്നങ്ങള്‍ തന്‍ കൂട്ടുകാരന്‍
സ്വയമുരുകി തന്‍ വീട്ടില്‍ വെട്ടം നിറക്കവേ
സ്വന്തമായൊന്നും കരുതാത്തവന്‍
ശിഥിലമോഹങ്ങളെ തഴുകുവാന്‍ നിത്യവും
ലഹരിതന്‍ തീരത്തില്‍ അലയുന്നവന്‍
കൊങ്ക്രീറ്റ്കാട്ടിലെ കൂട്ടിനുള്ളില്‍
ശീതീകരിച്ച തന്‍ തടവറയില്‍
നിഴലിനെ നോക്കീ നെടുവീര്‍പ്പിടും
നിര്‍വികാരത്തെ സ്വയം വരിച്ചോന്‍
യാന്ത്രികവേഗത്തില്‍ ചാക്രിക ചര്യയില്‍
ദിനരാത്രമെന്നും കൊഴിഞ്ഞു വീഴേ
വിധുരമീ യാത്രയില്‍  തളരുംപ്രവാസിക്ക്
നാടിന്റെ ഓര്‍മ്മയാണ് ഊര്‍ജ്ജമെന്നും...

Thursday, January 19, 2012

നഗരപുത്രി

എന്നോ ഏതോ നഗര സന്ധ്യയില്‍ ....എന്റെ കണ്ണില്‍ പതിഞ്ഞ ഒരു ചിത്രം
ഇന്ന് വീണ്ടും എന്റെ അക്ഷരങ്ങളിലൂടെ ......


രാവിന്റെ കവിളിലെ ഛായമായ് നീ
തെരുവിന്റെ ഓരത്തു വന്നു നില്‍പ്പൂ
നഗരതിരക്കില്‍ തന്നിരയെ തിരഞ്ഞു
കൊണ്ടിരുളിന്റെ മറവില്‍ ഒതുങ്ങി നില്‍പ്പൂ

കടംകൊണ്ട കാമം നിറച്ചു കണ്ണില്‍
എരിയുന്ന ദുഖം മറച്ചു ഹൃത്തില്‍..
പുഞ്ചിരി പൂക്കള്‍തന്‍ വശ്ശ്യത ചാലിച്ചു
ചൊടികള്‍ ചൊടിച്ചു രാഗാര്‍ദ്രമാക്കി

നിഴലുകള്‍ ഇഴയുന്ന നഗരതീരത്തിലെ
പഥികര്‍ക്ക് നീളെ നിന്‍ മിഴിയുണര്‍ന്നൂ
വശ്ശ്യമാം പുഞ്ചിരി പൂക്കള്‍ അടര്‍ത്തി നീ
യാത്രികര്‍ക്കിടയിലായ് വിതറിയിട്ടു...

അന്തിയിലിത്തിരി  ലഹരി മോന്തി
ചന്തതിരക്കില്‍ കുഴഞ്ഞ് നില്ക്കും
അജ്നാത കാമുകനാമൊരുത്തന്‍,
അനുഭൂതിയെകും നിന്‍ പൂവെടുത്തൂ..

കരിമഷിയാകേ പടര്‍ന്ന നിന്‍ കണ്ണുകള്‍
തന്നിരയുടെ മിഴിയില്‍ കോരുത്തീറുക്കി
ചൂണ്ടുകളൊട്ടു കടിച്ചൊന്നു വശ്ശ്യമായ്
മുടിയിഴ കോതി കുണുങ്ങി നിന്നു.

പാരവശ്ശ്യത്തോടെ പഥികനാ കാമുകന്‍
നിന്‍ ചാരത്തണഞ്ഞു പതുങ്ങി നിന്നു
ഹൃദയത്തിലെരിയുന്ന ദുഖങ്ങളപ്പോഴും
ആ ചൊടിയില്‍ പൂക്കളായ് പുഞ്ചിരിച്ചു

ഇരുളിന്റെ മറവില്‍ നിന്നേതോ കണക്കുകള്‍
മൃദുവായി ചൊല്ലിയുറപ്പിച്ചു നീ -പിന്നെ-
അഴലിന്റെ തീരത്തില്‍ നിഴലിന്റെയാഴത്തില്‍
പഥികനും നീയും അലിഞ്ഞു ചേര്‍ന്നൂ...

കാഴ്ച്ചകള്‍ കണ്ടുകൊണ്ടാകാശ ചരിവിലെ
പൊന്നോളി തുണ്ടൊന്നു കണ്ണടക്കേ....
മന്ദഹസിച്ചുകൊണ്ടൊരു കുളിര്‍ കാറ്റപ്പോള്‍
എന്നെ തഴുകി കടന്നു പോയീ....





Tuesday, December 20, 2011

നിളയുടെ തീരത്തില്‍

നിള ! വിലാപങ്ങള്‍ക്ക്  ശബ്ദം നഷ്ട്ടപ്പെട്ടവള്‍ !!
ദൂര മൂത്ത മര്‍ത്യകരങ്ങളാല്‍ പ്രകൃതിയുടെ കണ്ണു നീരാവുന്നവള്‍
നമ്മുടെ പ്രിയപ്പെട്ട നിള !!!




ഇവിടെ,
ഈ വെള്ളിമണല്പരപ്പില് ,നിലാവില്,
ഞാന് തിരയുന്നത് നിന്നെയാണ് ....
എന്റെ സ്മൃതി പഥങ്ങളിലൂടെ
ജലസമൃദ്ധയായ് ഒഴുകിയിരുന്ന നിന്നെ,

ഇവിടെ നീയില്ലല്ലോ.....നീളേ..!
നിന്റെ കണ്ണുനീരുറവകള് പോലെ വെറും
നീര്ച്ചാലുകള് മാത്രം..!

ഗതകാല പ്രൌഡിയില്
നീ,തീരവാസികള്ക്ക്, അന്നവും അമൃതവുമായിരുന്നു
ആത്മാക്കളുടെ നശ്വരഗേഹങ്ങളുടെ,
അവസാന ശേഷിപ്പുകള് ഏറ്റുവാങ്ങിയ നീ
മോക്ഷദായിനിയുമായിരുന്നു.....

ബലിതര്പ്പണങ്ങളുടെ മന്ത്രമര്മ്മരങ്ങള്
ഇന്നും മുഴങ്ങുന്ന നിന്റെ മൃതതീരങ്ങളില്
ഉപഭോഗ തൃഷ്ണയുടെ ക്രൂര ദ്രംഷ്ടകള്
ആഴ്ന്നിറങ്ങുന്നുവോ.....

നാളെ ,ആത്മാക്കളുടെ ഗേഹാവശിഷ്ടങ്ങള്
അലിഞ്ഞുചേര്ന്ന ഈ മണല് പരപ്പും
നിനക്ക് അന്യമായേക്കാം .....
നീളെ കാത്തുകിടക്കുന്നത്
മണ്ണിന്റെ പുതിയ രാജാക്കന്മാര്...

സ്വാര്ത്ഥ മത്സരങ്ങളുടെ പുത്തന്
മാമാങ്കപ്രഹരങ്ങളില്,
അവര് നിന്നെ കിളച്ചു മറിക്കുന്നു
നിന്റെ അവസാന തുള്ളിയും ഊറ്റിയെടുത്ത്
നിനക്ക് ചരമ ഗീതമെഴുതാന് ഒരുങ്ങുന്നു......

ആരും വരില്ല നിന്നെ രക്ഷിക്കാന്,
ഇത് കലിയുഗമല്ലേ, പ്രാര്ഥിക്കുക!
മോക്ഷങ്ങളുടെ കാലരഹിത ഭൂമികയില്
വിലയിച്ചു ചേരാനെത്തുന്ന
ആത്മാക്കളുടെയും, അവയുടെ
നശ്വരഗേഹ ശേഷിപ്പുകളുടെയും
ആവാഹനങ്ങളിലൂടെ ......
മന്ത്രമര്മ്മരങ്ങളിലൂടെ.....
ഇനിയും വറ്റാത്ത ,
നിന്റെയീ കണ്ണു നീരുറവകളിലൂടെയും
പ്രാര്ഥിക്കുക .....
നീ സര്‍വ്വം സഹയല്ലേ....

ഇവിടെ,
ഈ വെള്ളിമണല്പരപ്പില് ,നിലാവില്,
ഞാന് തിരയുന്നത് നിന്നെയാണ് ....
എന്റെ സ്മൃതി പഥങ്ങളിലൂടെ
ജലസമൃദ്ധയായ് ഒഴുകിയിരുന്ന നിന്നെ .....
ഇവിടെ നീയില്ലല്ലോ.....നിളേ...!
നിന്റെ കണ്ണുനീരുറവകള് പോലെ വെറും
നീര്ച്ചാലുകള് മാത്രം......!

Saturday, December 10, 2011

സുപ്രഭാതം

എവിടെയോ കളഞ്ഞുപോയ ആ മനോഹര പ്രഭാതങ്ങള്‍
ജീവിത വേഗങ്ങള്‍ക്കിടയില്‍ ഓര്‍മ്മകളായ് കടന്ന് വന്നപ്പോള്‍ !!



രാക്കോഴി കൂകവേ രാത്രിയും മറയവേ
രാക്കിളിപാട്ടുമകന്നീടവേ...
പാടത്തിനപ്പുറത്തമ്പലത്തില്‍ നിന്നും
പതിവുപോല്‍ കീര്‍ത്തനമുയര്‍ന്നീടവേ
പകലിന്റെ മിഴിതുറന്നെത്തി നോക്കുന്നിതാ
പകലോന്റെ കിരണങ്ങള്‍ പുലരിയായി 


പൊന്‍വെയില്‍ നാളങ്ങള്‍ കുളിരുമായ്‌ വന്നെന്റെ
മിഴികളെ ,തട്ടിയുണര്‍ത്തീടവേ..
വര്‍ണ്ണങ്ങള്‍ ചാലിച്ചോരാകാശവീഥിയില്‍
പറവകള്‍ പാറി പറന്നീടുന്നു 


തൊടിയിലെ മാവിന്റെ ചില്ലയില്‍ നിന്നൊരു
വണ്ണാത്തിപുള്ളിന്റെ കീര്‍ത്തനങ്ങള്‍
പുലരിതന്‍ ഈണമായ് താളമായ് എന്നുടെ
കര്ണണ്പുടങ്ങള്‍ നുകര്‍ന്നീടവേ
ഒരുകടും ചായയും ഈറന്‍ ചിരിയുമായ്
അവളെന്നരികത്ത്ണഞ്ഞു നില്പൂ 


ചുടുചായ നുകരുവാന്‍ പൂമുഖ തിണ്ണയില്‍
പുലരിക്കു കൂട്ടായ്ഇരുന്നനേരം
പുലര്‍ വെയില്‍ നാളത്തില്‍ മിന്നി തിളങ്ങുന്നു
മഞ്ഞിന്‍ കണങ്ങളാപുല്കൊടിയില്‍
കണ്ണുകള്‍ക്കാനന്ദക്കാഴ്ചകളേകുന്നു
പൂവുകള്‍ തെന്നലിന്‍ ഓളങ്ങളില്‍ 


പകലിന്റെ കയ്യില്‍  പിടഞ്ഞു മരിച്ചൊരു
ഇരുളിന്റെ ശോകമാണെങ്കിലും ...
ഈറന്‍ ചിരിയുമായ് അരികത്തു നില്‍ക്കുന്ന
പുലരീ.. നിനക്കെന്തൊരഴകാണെന്നോ...


പതിവുകള്‍ക്കിടയിലേക്കാഴവെ മുറ്റത്തെ
പനിനീര്‍ ചെടിയിലെന്‍ മിഴിയുടക്കീ
ഒരുകൊച്ചു പൂവുണ്ടതില്‍ പൂത്തു നില്‍ക്കുന്നു
പുഞ്ചിരി വീശിക്കൊന്ടെന്നെനോക്കീ
അരുമയായ്‌ ആ പൂവിന്‍ കവിളില്‍ തലോടി ഞാന്‍
ഒരു കൊച്ചുമുത്തം പകര്‍ന്നനേരം
നറുമണമേകികൊണ്ടാ പൂവ് മൊഴിയുന്നു
മൌനമായ്‌ എന്നോട് സുപ്രഭാതം....
.

Sunday, December 4, 2011

കുരുവികള്‍

പ്രവാസം ....ഇരതേടിയുള്ള അലച്ചിലാണ് ...
പ്രാണനും സ്നേഹവും അകലെ കൂട്ടില്‍ വച്ച് ....നമ്മള്‍ പാറി നടക്കുന്നു 
കുരുവികളെ പോലെ ...

 


നഗ്നമാം ജീവിത സത്യങ്ങള്‍  തന്‍
സ്വപ്നകൂടുകള്‍ക്കുള്ളിലെ കുരുവികള്‍  നാം
ഇരുളിന്റെ കൂടുവിട്ടഴലിന്റെ
കാട്ടിലെക്കിരതേടിയെന്നും പറന്നിടുന്നു...

കുഞിളം കിളികളെ പോറ്റുവാനായ്‌
കൊച്ചു ജീവിത മോഹങ്ങള്‍ തീര്‍ക്കുവാനായ്‌
കൂടുവിട്ടകലെ പറന്നുകൊണ്ടെത്രയൊ
കാതങ്ങള്‍ കാടുകള്‍  താണ്ടിടുന്നു....

കുഞ്ഞിക്കിളിമൊഴി കൊഞ്ചലിനുള്ളിലും
കുറുകുമിണക്കിളി പരിഭവചിന്തിലും
ചിറകടിച്ചാഹ്ലാദലോകങ്ങള്‍ തീര്‍ത്തൊരാ
നിമിഷങളെല്ലാം ഉപേക്ഷിച്ചു നാം..

വിടചൊല്ലി മൂകം പിരിഞ്ഞിടുംബോള്‍
വിരഹാര്ദ്രമായ്‌ മനം തേങിടുബോള്‍
കൂട്ടില്‍  തനിച്ചാവും  ഇണയുടെ കണ്ണുനീര്‍
കാണുവാനാവതെരിഞ്ഞിടുന്നോര്‍ ...

കൂടിന്നുചുറ്റും പതുങ്ങിയിരിക്കുന്ന
ക്രൂരവിധികള്‍ക്കെറിഞ്ഞിടാതെ
അരുമ കിളികളെ ചിറകിലൊളിപ്പിച്ചു
അമ്മകിളി നോവിന്‍  കൂട്ടിരിപ്പൂ....

ഒരു കൊടും കാറ്റിന്റെ അലകളില്‍  തട്ടിയാ
പൂമരമൊന്നുലഞ്ഞാടിടുബോള്‍ ...
രാമഴ കോളിന്റെ മിന്നല്‍
വെളിച്ചമേറ്റരുമകിളികള്‍  കരഞ്ഞിടുബോള്‍
പിടയുന്നൊരുള്ളിലെ പ്രാണന്റെ
കൂട്ടിരുന്നമ്മക്കിളി നോവ്‌ പാടിടുന്നു

ആ പാട്ടിന്‍  ഈണത്തില്‍  എല്ലാം മറന്നു-
കൊണ്ടരുമകിളികള്‍  മയങ്ങിടുബോള്‍
അകലെയാ കാട്ടിലേക്കിരതേടി പോയൊരാ
കണവനെ കാത്തുകൊണ്ടവളിരിപ്പൂ....

എല്ലാമറിഞ്ഞുകൊണ്ടിരതേടി നമ്മളീ -
വേനലിന്‍  ചൂടേറ്റു പാറിടുബോള്‍
അകലെയാ കൂടിന്റെ ഓര്‍മ്മയിലിടനേരം
അറിയാതെയുള്ളം തളര്‍ന്നിടുന്നു.......