Followers

Thursday, November 7, 2013

വിധുരമീയാത്ര


വയലില്ല മനംകവരും ഹരിത ഭംഗിയില്ല
വയലോര വീഥിയില്‍ നിരയായ് നില്‍ക്കുന്ന
കേരവൃക്ഷങ്ങള്‍ തന്‍ പെരുമയില്ല .
പുഴയില്ല തഴുകിയെത്തും കുളിര്‍ കാറ്റുമില്ല
മകരമഞ്ഞില്‍ നനഞെന്‍കണ്ണില്‍ നിറയുന്ന   
ചെംബരത്തി പൂവിന്‍ ചന്തമില്ല
മുക്കുറ്റിയില്ല തുംബയില്ല മുറ്റത്തെ
തുളസിതന്‍ പുണ്യമില്ലാ
തൊടിയിലെ പൂക്കളെ മുത്തമിടാന്‍ എത്തും
ശലഭവര്‍ണങ്ങള്‍ തന്‍ നൃത്തമില്ലാ
പഞ്ചാരിമേളവും ഗജവീരരും നിറയുന്നോരു
ഉല്‍സവചന്തമില്ല
ചെണ്ടമേളത്തിന്റെ ആരോഹണത്തില്‍ തുള്ളിയുറയുന്ന
കോമര കാഴ്ചയില്ല
അമ്മതന്‍ മമതയും താതന്റെ കരുതലും
കൂടെപ്പിറപ്പിന്റെ തണലുമില്ല
ഒറ്റയാനെന്നും പ്രവാസി ഈ നഗരത്തില്‍
നഷ്ടസ്വപ്നങ്ങള്‍ തന്‍ കൂട്ടുകാരന്‍
സ്വയമുരുകി തന്‍ വീട്ടില്‍ വെട്ടം നിറക്കവേ
സ്വന്തമായൊന്നും കരുതാത്തവന്‍
ശിഥിലമോഹങ്ങളെ തഴുകുവാന്‍ നിത്യവും
ലഹരിതന്‍ തീരത്തില്‍ അലയുന്നവന്‍
കൊങ്ക്രീറ്റ്കാട്ടിലെ കൂട്ടിനുള്ളില്‍
ശീതീകരിച്ച തന്‍ തടവറയില്‍
നിഴലിനെ നോക്കീ നെടുവീര്‍പ്പിടും
നിര്‍വികാരത്തെ സ്വയം വരിച്ചോന്‍
യാന്ത്രികവേഗത്തില്‍ ചാക്രിക ചര്യയില്‍
ദിനരാത്രമെന്നും കൊഴിഞ്ഞു വീഴേ
വിധുരമീ യാത്രയില്‍  തളരുംപ്രവാസിക്ക്
നാടിന്റെ ഓര്‍മ്മയാണ് ഊര്‍ജ്ജമെന്നും...