Followers

Tuesday, November 22, 2011

സ്നേഹിതന്‍

ഒന്നും പറയാതെ ഒരുദിനം എന്റെ കൂട്ടില്‍ നിന്നു പറന്നു പോയ ഒരു സ്നേഹിതന്റെ ഓര്‍മ്മയില്‍.........
താപവേഗങ്ങളില്‍ തളര്‍ന്നുപോയ ,വരണ്ട
ഒരു പ്രവാസ സായന്തനത്തില്‍
വശ്യമൊരു പുഞ്ചിരിയുമായ് നീ എന്റെ
സൌഹൃദ തീരത്ത് വന്നു .
ആകര്‍ഷണത്തിന്റെ അദൃശ്യരേണുക്കള്‍
മനസ്സിനെ തേടിയെത്തിയപ്പോള്‍
ഹൃദയം സൌഹൃദത്തിന്റെ പുറംതോടനിഞ്ഞു
മൊഴിയിലും മിഴിയിലും ചിരിയിലും
സൌഹൃദം പൂത്തുലഞ്ഞു ....
വഴിയരികിലെ ചാരുബഞ്ചില്‍
മൈതാനത്തിലെ പുല്‍ത്തകിടിയില്‍
ഭക്ഷണശാലകളില്‍ ,പിന്നെ
നുരയുന്ന ചഷകങ്ങള്‍ക്കിരുവശങ്ങളില്‍
ആ പുറംതോടുമണിഞ്ഞു വളര്‍ന്ന സൌഹൃദം
നമുക്കൊരു തണല് നല്കി ...
വിശ്വാസത്തിന്‍റെ തണല്‍ ....
ഒടുവിലൊരു പാഴ്വാക്കുപോലും പറയാതെ
നീ മറഞ്ഞ ദിനം, ഓര്‍ക്കുന്നു ഞാന്‍ !
ആ പുഞ്ചിരി നിന്റെ മുഖത്ത് വിടര്‍ന്ന് നിന്നിരുന്നു .
കാതുകളില്‍ നിന്നു കാതുകളിലേക്കും,
അധരങ്ങളില്‍ നിന്നു അധരങ്ങളിലേക്കും നിന്റെ
കാപട്യത്തിന്റെ കഥകള്‍ കറുത്ത മേഘങ്ങളായ് പടര്‍ന്നപ്പോള്‍
എന്റെ ബോധമണ്ഡലത്തില്‍ സൌഹൃദം
ഒരു വിസ്ഫോടനത്തിലമരുന്നത് ഞാനറിഞ്ഞു .
വഞ്ചിതരായവരുടെ നീളുന്ന ചോദ്യങ്ങള്‍
ശരങ്ങളായ് എന്നില്‍ പതിച്ചപ്പോള്‍
ഉത്തരങ്ങള്‍ അന്ന്യമായവന്റെ വ്യഥയില്‍
ഞാന്‍ തിരിച്ചറിയുകയായിരുന്നു പുതിയ
സൌഹൃദ പാഠങ്ങള്‍ .......

2 comments:

  1. എന്‍റെ അഭിപ്രായത്തില്‍ ഏതൊരു ബന്ധവും വിഷയാധിഷ്ടിതം ആകുകില്‍ ഒട്ടും ബാദ്ധ്യതയില്ലാതെ തന്നെ നമുക്കതില്‍ ജീവിക്കാം.

    തുടര്‍ന്നും നല്ല നല്ല വരികളിലൂടെ പ്രിയനേ അറിയാം എന്ന പ്രതീക്ഷയോടെ.... നന്മകള്‍..!!

    ReplyDelete
  2. ഒക്കെ ഒരു ശ്രമമാണ് നാമൂസ് ....നന്ദി ഈ വായനക്ക് ...

    ReplyDelete