Followers

Wednesday, November 23, 2011

ബാല്യം

ബാല്യ കാല സ്മൃതികളില്‍ .....ഇത്തിരി നേരം !

മനസ്സിലെ മൌനത്തിന്‍ തീരങ്ങളില്‍ ഇന്നും
മഴനഞ്ഞെത്തുന്നു ബാല്യകാലം...
മൌനങ്ങളടരുമീ ഓര്‍മ്മകള്‍ക്കുള്ളിലെ,
മഞ്ചാടി മണികള്‍ തന്‍ ബാല്യകാലം
അമ്മതന്‍ അരുമയായ് ഉണ്ണിയായ് അന്നേറെ
കുസൃതികള്‍ കാണിച്ചിരുന്നൊരു ബാല്യമേ..
ഇന്നിവരില്ലേന്നറിഞ്ഞിട്ടുമെന്തിനോ ..
തിരയുന്നിതോര്‍മ്മയില്‍ നിന്നെയെന്നും ..
പുതുമഴ പെയ്തോരൂ പകലിന്റെ മുറ്റത്ത്
കടലാസ്സ് തോണിയിറക്കി കളിച്ചതും
തേനുണ്ടുപാറിപ്പറക്കുമാ ശലഭത്തിന്‍
പിറകെ പറന്നോന്ന് തൊടുവാന്‍ കൊതിച്ചതും
വെള്ളാരംകണ്ണുമായ് തോടിയിലെക്കെത്തുന്ന
തുമ്പിയെ പമ്മിപിടിക്കാന്‍ നടന്നതും ..
കല്ലെടുക്കും കളിതുമ്പിതന്‍ കണ്ണിലെ
കണ്ണുനീര്‍ത്തുള്ളികള്‍,കാണാതീരുന്നതും
കണ്ണന്‍ ചിരട്ടയില്‍ മണ്ണപ്പവും ചുട്ടു
കളിവീട്ടിനുള്ളില്‍ കളിച്ചു രസിച്ചതും
തോടിയിലെ മുത്തച്ചന്‍ മാവറിഞ്ഞേകുന്ന
തേനൂറും മാമ്പഴമെറെ നുണഞ്ഞതും
മാമ്പഴ ചാറില്‍ നനഞൊരാദേഹത്തില്‍
മച്ചികകൂട്ടങ്ങള്‍ കൂട്ടിനായ് ഏത്തവേ
അച്ചന്റെ കോപത്തിന്‍ ചൂരല്‍ പിടച്ചിലില്‍
നൊന്തുകരഞ്ഞു പിടഞ്ഞോരാ നാളുകള്‍ ..
എല്ലാമകന്നുപോയ് ബാല്യമിന്നെത്രയോ
ദൂരത്തകന്നുപോയ് ഓര്‍മ്മതന്‍ ചിറകുമായ്
കാലം കവര്‍ന്നോരാ കാഴ്ച്കള്‍ക്കിപ്പുറം
കണ്‍മിഴിച്ചോട്ടൊന്നു നോക്കുന്ന നേരം
കാണുവാനില്ലെങ്ങും ശലഭവും തുമ്പിയും
തുമ്പിയെ പമ്മി പിടിക്കുന്ന ബാല്യവും
ഇല്ല മുത്തച്ഛന്‍ മാവിന്റെ മധുരവും
മാവിന്റെ ചൊട്ടിലെ കളിവീടും മുറ്റവും
കടലാസ്സ് വഞ്ചിയും മഞ്ചാടിമണികളും
കണ്ണന്‍ ചിരട്ടയും എങ്ങോ മറഞ്ഞുപോയ്..

3 comments:

  1. എവിടെയൊക്കെയോ കൊഴീഞ്ഞു പോയ ബാല്യകാലത്തിലേക്ക് ഒരു തിരികെ യാത്ര..അല്ലേ..!?

    ReplyDelete
  2. മനുഷ്യന്‍റെ യാന്ത്രികതയില്‍ നിന്നും സ്വാഭാവികതയിലെക്ക് നടത്തുന്നത് കുട്ടിക്കാലത്തെ ഓര്‍മ്മകളാണ്.ഒരുപക്ഷെ, നിഷ്കളങ്കതയുടെ മുഖം വാക്കിലും പ്രകടമാകുന്നത് കുട്ടിക്കാലത്തെ അത്പോലെതന്നെ പറയുമ്പോഴാണ്.
    സുനില്‍, സഹോദരാ.... അഭിനന്ദനങ്ങള്‍..! ഈ സ്വാഭാവികതയെ സമ്മാനിച്ചതിന്.

    ReplyDelete
  3. മജീദ് & നമൂസ് ...ഓര്‍മ്മകള്‍ എന്നും സുഖമുള്ളതല്ലേ പ്രത്യേകിച്ചു ബാല്യത്തെ കുറിച്ചാവുമ്പോള്‍
    ഇവിടെ വന്നതിനും ഈ സ്നേഹം കാണിച്ചതിനും നന്ദി

    ReplyDelete